കർഷകരുടെ "ഡൽഹി ചലോ' മാർച്ച് തടഞ്ഞ് പോലീസ്, സംഘർഷം
Friday, December 6, 2024 3:43 PM IST
ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് തടഞ്ഞ് പോലീസ്. പഞ്ചാബ്-ഹരിയാന അതിർത്തിലാണ് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞത്. ഇതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
കർഷകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനു പിന്നാലെ കർഷകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി. മാർച്ചിന്റെ തുടക്കത്തിൽതന്നെ പോലീസ് മാർച്ച് തടയുകയായിരുന്നു.
നൂറോളം കർഷകർ ഹരിയാനയിലെ ശംഭു അതിർത്തിയിൽനിന്നാണ് ഇന്നു രാവിലെ മാർച്ച് ആരംഭിച്ചത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം.