നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്നു വീണ്ടും ഹൈക്കോടതിയിൽ
Friday, December 6, 2024 8:39 AM IST
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ മഞ്ജിഷ നല്കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന പോലീസിന്റെ അന്വേഷണം കാര്യക്ഷമമാണെന്നും സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. കൊലപാതകമെന്ന കുടുംബത്തിന്റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതു ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഭാര്യ കോടതിയെ സമീപിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പോലീസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍ നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂര്‍ എഡിഎമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ. നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റമായതിനെത്തുടര്ന്ന് തലേന്നു നടന്ന യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്തു ജീവനൊടുക്കിയെന്നാണ് പോലീസ് കേസ്. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏക പ്രതി പി.പി. ദിവ്യ ഇപ്പോള്‍ ജാമ്യത്തിലാണ്.