ആൽബിന് വിട നൽകാനൊരുങ്ങി വണ്ടാനം മെഡിക്കൽ കോളജ്; സംസ്കാരം പിന്നീട്
Friday, December 6, 2024 6:50 AM IST
ആലപ്പുഴ: വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽബിൻ ജോർജിന്റെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനായി എത്തിക്കും. വിദേശത്തുനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ പൊതു ദർശനത്തിന് ശേഷം ആൽബിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പിന്നീടായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക.
ചികിത്സയിൽ കഴിയുന്ന മറ്റു നാലു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആൽബിന്റെ മരണം സംഭവിച്ചത്.
ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ തുടരുന്നുണ്ട്. കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് അപകടത്തില്‍പ്പെട്ടത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്. ആൽബിനെ കൂടാതെ മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ), ദേവാനന്ദ് (മലപ്പുറം), ശ്രീദീപ് (പാലക്കാട്) എന്നിവരാണ് അപകടത്തിൽ മരിച്ചത്.