മധു മുല്ലശേരിയെ സെക്രട്ടറിയാക്കയത് പാർട്ടിക്ക് പറ്റിയ അബദ്ധം: എം.വി. ഗോവിന്ദൻ
Thursday, December 5, 2024 9:49 PM IST
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ പോയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയതാണ് പാർട്ടിക്ക് പറ്റിയ അബദ്ധമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധു ആയാലും ആരായാലും തെറ്റായ ഒന്നിനെയും വച്ചു പൊറുപ്പിക്കുന്ന പ്രശ്നമില്ല. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകൾ പുറത്ത് പോയാൽ പാർട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗോവിന്ദൻ പറഞ്ഞു.
മാറ്റിവെച്ച സമ്മേളനങ്ങൾ സംസ്ഥാന സമ്മേളനം വരെ ഇനി നടത്തില്ല. 210 ഏരിയ സമ്മേളനങ്ങളിൽ ഒരു ഏരിയ സമ്മേളനം മാത്രമാണ് മാറ്റിയത്. പാർട്ടി സമ്മേളനത്തിൽ ചർച്ചകൾ നടന്നത് പാതകം പോലെ പ്രചരിപ്പിക്കുകയാണ്. വിമർശനം വേണം. ആരെയും വിമർശിക്കാം. മുഖ്യമന്ത്രിയെ വരെ വിമർശിക്കാമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ഉളുപ്പ് ഇല്ല. മാധ്യമങ്ങള്‍ ആണ് പ്രതിപക്ഷം. വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നു. സ്റ്റേജ് കെട്ടുന്നതല്ല പ്രധാന പ്രശ്നം. എങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാം എന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. താന്‍ എന്തെങ്കിലും അബദ്ധം പറയുമോ എന്ന് നോക്കാനാണ് മാധ്യമങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. സമ്മേളനത്തിന് ആവശ്യത്തിന് പ്രചാരണം മാധ്യമങ്ങള്‍ നല്‍കിയെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
എല്ലാറ്റിനും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്ന് മാധ്യമങ്ങള്‍ക്ക് അറിയില്ല. ഇത്ര കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന വേറൊരു സ്ഥലവും മാധ്യമങ്ങളും ഭൂമിയില്‍ വേറെയില്ല. സതീശന് എന്നൊക്കെ വെറുതെ പറയാമെന്നേയുള്ളൂ, പ്രതിപക്ഷം മാധ്യമങ്ങളാണ്.
മാധ്യമങ്ങള്‍ തങ്ങള്‍ക്ക് എതിരാണ്. വരികള്‍ക്കിടയില്‍ വായിക്കാനുള്ള ശേഷി കൊണ്ടാണ് സിപിഎം ഇവിടെ നിലനില്‍ക്കുന്നത്. പാര്‍ട്ടി വിരുദ്ധ മേഖലയില്‍ മാധ്യമങ്ങള്‍ ശക്തമായി നില്‍ക്കുന്നുവെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.