എലത്തൂർ ഇന്ധന ചോർച്ച; സർക്കാർ തല അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Thursday, December 5, 2024 8:29 PM IST
കോഴിക്കോട്: എലത്തൂരിലെ എച്ച്പിസിഎൽ ഡിപ്പോയിൽ ഉണ്ടായത് ഇന്ധന ചോർച്ച തന്നെയാണോ എന്ന് കണ്ടെത്താൻ സർക്കാർ തലത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
ഫാക്ടറി നിയമം അനുസരിച്ച് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനുപുറമെ മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ചും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരവും കേസെടുക്കും. ഇന്ധന ചോർച്ച നടന്ന പരിസരത്ത് പ്രത്യേക രാസപദാർത്ഥം എത്തിച്ച് നാളെ മുതൽ ശുചീകരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇന്ധന ചോർച്ചയിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. കൃത്യസമയത്ത് തകരാർ കണ്ടെത്താൻ എച്ച്പിസിഎല്ലിന് കഴിഞ്ഞില്ല. ഡീസൽ പുറത്തേക്ക് ഒഴുകിയ ശേഷമാണ് ഈ സംഭവം എച്ച്പിസിഎൽ അറിഞ്ഞതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു.