സംബാൽ വിഷയം ഉയർത്തി കോണ്‍ഗ്രസ് പ്രതിഷേധം; ലോക്സഭ രണ്ട് വരെ നിർത്തിവച്ചു
Thursday, December 5, 2024 1:15 PM IST
ന്യൂഡൽഹി: ലോക്സഭയിൽ സംബാൽ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ്. സംബാൽ വിഷയത്തിൽ ചർച്ചവേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
സംബാലിലേക്ക് പോയ ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നൽകിയ അടിയന്തരപ്രമേയവും സ്പീക്കർ തള്ളി. ഇതോടെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടർന്നു ലോക്സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചു.
അതേസമയം പ്രതിപക്ഷത്തെ സഖ്യകക്ഷികൾ കോണ്‍ഗ്രസിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തില്ല. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡിൽനിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു. വിദേശഫണ്ടിംഗ് പ്രയോജനപ്പെടുത്തി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ പ്രതിഛായ തകർക്കാൻ വലിയ ശ്രമം നടത്തുന്നുവെന്ന് ദുബെ ആരോപിച്ചു.
ഇന്ന് രാവിലെ പാർലമെന്റിന്റെ പുറത്ത് അദാനി വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാർ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു.