എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച; പ്രതിഷേധവുമായി നാട്ടുകാർ
Thursday, December 5, 2024 9:00 AM IST
കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയിൽ വീണ്ടും ഇന്ധന ചോർച്ച. പ്രശ്നം പരിഹരിച്ചെന്ന് എച്ച്പിസിഎല്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇന്ധനം ഓടയിലൂടെ വീണ്ടും ഒഴുകിയെത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതലാണ് എലത്തൂരിൽ ഇന്ധന ചോർച്ച ഉണ്ടായത്. പിന്നാലെ അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ കളക്ടർക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെ പ്രശ്നം പരിഹരിച്ചെന്ന് എച്ച്പിസിഎല്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ ഡീസല്‍ ഇപ്പോഴും ഓടയിലേക്ക് ഒഴുകി എത്തുകയാണെന്നും അടിയന്തര പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.