ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രി യാത്ര നിരോധിച്ചു
Sunday, December 1, 2024 9:59 PM IST
കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രി യാത്ര നിരോധിച്ചു. ഡിസംബർ നാല് വരേയാണ് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് തിങ്കളാഴ്ച റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും ആണ് നൽകിയിട്ടുള്ളത്.