വനംവകുപ്പിന്റെ അനാസ്ഥ; വാഹനമിടിച്ച് റോഡിൽ കിടന്ന കേഴമാൻ ചത്തു
Saturday, November 30, 2024 11:25 PM IST
ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ വാഹനമിടിച്ച് മണിക്കൂറുകളോളം റോഡിൽ കിടന്ന കേഴമാൻ ചത്തു. നാട്ടുകാർ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂർ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
വണ്ടിപ്പെരിയാർ - വള്ളക്കടവ് റോഡിൽ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്. സംഭവം നാട്ടുകാർ ഉടൻ തന്നെ ഒന്നര കിലോമീറ്റർ അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചു.
എന്നാൽ എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസിൽ ബന്ധപ്പെടാനുമായിരുന്നു മറുപടി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തേക്കടിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കേഴമാൻ ചത്തത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.