മല്ലുഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം
Wednesday, November 20, 2024 10:58 PM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം. സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാറിനാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയത്.
ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർധ വളർത്താനും വഴിയൊരുക്കുന്നതാണെന്ന് നിയമോപദേശത്തിൽ പറയുന്നു. ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പരാതി നൽകിയിരുന്നു.
ഈ പരാതിയിലാണ് പോലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പോലീസ് നിലപാട്. അതിനാൽ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പോലീസ് പറയുന്നു.
ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.