ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് മുഹമ്മദ് യൂനുസ്
Monday, November 18, 2024 12:25 AM IST
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ തന്റെ സർക്കാർ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും ഇടക്കാല സർക്കാരിന്റെ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ യൂനുസ് പറഞ്ഞു.
ഓരോ കൊലപാതകത്തിനും ഞങ്ങൾ നീതി ഉറപ്പാക്കും. പതറി വീണ സ്വേച്ഛാധിപതി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യൂനുസ് പറഞ്ഞതായി സർക്കാർ നടത്തുന്ന ബിഎസ്എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ മാസം യുകെ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടൈംസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ, ഹസീനയെ കൈമാറാൻ ഇന്ത്യയോട് തന്റെ സർക്കാർ ആവശ്യപ്പെടില്ലെന്ന് യൂനുസ് പറഞ്ഞിരുന്നു.
ഓഗസ്റ്റിൽ നടന്ന ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ നിലംപതിച്ചതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ 1500 ഓളം പേർ കൊല്ലപ്പെടുകയും 19,931 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.