കോഴിക്കോട്ട് യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം
Sunday, November 17, 2024 3:24 PM IST
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. ആസാം സ്വദേശിയും മുക്കം കുമാരനല്ലൂർ മുരിങ്ങപുറായിൽ താമസിക്കുന്ന19 കാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് ആംബുലൻസിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. യുവതി 11.10ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് യുവതിയേയും കുഞ്ഞിനേയും മാറ്റി.