കോഴിക്കോട് ഹർത്താൽ തുടങ്ങി; കടതുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Sunday, November 17, 2024 6:11 AM IST
കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടുങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേ സമയം ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.