കോണ്‍ഗ്രസ് ഭരണത്തിന് അവസാനം; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതർക്ക് വിജയം
Saturday, November 16, 2024 8:36 PM IST
കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർ വിജയിച്ചു.
ഇവരുടെ 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. പാനലിൽ നാല് പേർ സിപിഎമ്മിൽ നിന്നും ഏഴ് പേർ കോൺഗ്രസ് വിമതരുമാണ്. ജി.സി. പ്രശാന്ത് കുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തു. ഇദ്ദേഹമാണ് ബാങ്കിലെ നിലവിലെ പ്രസിഡന്റ്.
1963 രൂപീകരിച്ച ബാങ്ക് 61 വര്‍ഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോണ്‍ നല്‍കിയിട്ടുള്ളത്.
എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും സഞ്ചരിക്കുന്ന എടിഎം കോര്‍ബാങ്കിംഗ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.
ചേവായൂര്‍, നെല്ലിക്കോട്, കോവൂര്‍, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ബാങ്കിന് കീഴിലുള്ള ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. 36000-ത്തില്‍ അധികം എ ക്ലാസ് മെമ്പര്‍ ഉള്ള ബാങ്കിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ 8500 മെമ്പര്‍മാരാണ് വോട്ട് ചെയ്തത്.