രഞ്ജിയിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് സമനില
Saturday, November 16, 2024 5:19 PM IST
റോഹ്തക്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹരിയാനയ്ക്കെതിരേ കേരളത്തിന് സമനില. അവസാന ദിവസമായ ഇന്ന് ഹരിയാനയെ ഒന്നാം ഇന്നിംഗ്സിൽ 164 റണ്‍സിനു പുറത്താക്കിയ കേരളം രണ്ടാം ഇന്നിംഗിസ് 125 റണ്‍സിനു ഡിക്ലയർ ചെയ്യുകയായിരുന്നു. സ്കോർ: കേരളം 291 & 125/2d, ഹരിയാന 164 & 52/2
252 റണ്‍സിന്റെ ലീഡാണ് കേരളം ഉയർത്തിയത്. രണ്ടാം ഇന്നിംഗിസിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റണ്‍സെടുത്തു. ഹരിയാനയ്ക്കായി യുവരാജ് സിംഗ് 22 റണ്‍സും അൻകിത് കുമാർ പുറത്താകാതെ 19 റണ്‍സും നേടി.
രണ്ടാം ഇന്നിംഗ്സിൽ കേരളത്തിനായി രോഹൻ കുന്നുമ്മൽ പുറത്താകാതെ 62 റണ്‍സെടുത്തു. നായകൻ സച്ചിൻ ബേബി 42 റണ്‍സും നേടി. അസറുദ്ദീൻ പുറത്താകാതെ 16 റണ്‍സും നേടി.
ഏഴിന് 139 എന്ന നിലയിൽ അവസാന ദിവസം ക്രീസിലിറങ്ങിയ ഹരിയാനയ്ക്ക് ഒരു റണ്‍സ് പോലും കൂട്ടിച്ചേർക്കാനാകും മുന്‍പേ എട്ടാംവിക്കറ്റ് നഷ്ടമായിരുന്നു. 29 റണ്‍സെടുത്ത നിഷാന്ത് സന്ധുവിനെ തുടക്കത്തിലെ പുറത്താക്കി ബേസിൽ തന്പിയാണ് കേരളത്തിന് ഇന്ന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
പിന്നാലെ, അൻഷുൽ കാംബോജും ജെ.ജെ. യാദവും ചേർന്ന് ഹരിയാനയെ 150 കടത്തി. എന്നാൽ, 10 റണ്‍സെടുത്ത കാംബോജിനെ ബേസിൽ തന്പിയുടെ കൈകളിലെത്തിച്ച് എൻ.പി. ബേസിൽ ആതിഥേയർക്ക് അടുത്ത പ്രഹരമേല്പിച്ചു. പിന്നാലെ പിടിച്ചുനില്ക്കാൻ ശ്രമിച്ച യാദവിനെയും (12) പുറത്താക്കി എൻ.പി. ബേസിൽ ഹരിയാനയുടെ യാത്ര അവസാനിപ്പിച്ചു.
കേരളത്തിനായി ഒന്നാം ഇന്നിംഗ്സിൽ എം.ഡി. നിധീഷും ബേസിൽ തന്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ എൻ.പി. ബേസിൽ രണ്ട് വിക്കറ്റെടുത്തു.