ഇന്നലെ കൂടിയത് ഇന്നു കുറഞ്ഞു; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
Saturday, November 16, 2024 11:11 AM IST
കൊച്ചി: ഇന്നും ഇടിഞ്ഞതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 55,480 രൂപയിലും ഗ്രാമിന് 6,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,720 രൂപയിലെത്തി.
വെള്ളിയാഴ്ച പവനും ഗ്രാമിനും ഇതേ നിരക്കിൽ വർധനയുണ്ടായിരുന്നു. ഇതാണ് ഇന്ന് അതേപടി കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.
രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ 4,160 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
അതേസമയം വെള്ളി വിലയിൽ വ്യത്യാസമില്ല. ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.