ജാതിപറഞ്ഞ് അധിക്ഷേപിച്ചെന്നു പരാതി; തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം
Saturday, November 16, 2024 10:10 AM IST
തിരുവനന്തപുരം: നഗരസഭയിൽ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ആത്മഹത്യാ ഭീഷണി മുഴക്കിയ ശുചീകരണ തൊഴിലാളികള്‍ നഗരസഭാ കവാടത്തിനു മുകളില്‍ കയറിയാണ് പ്രതിഷേധിക്കുന്നത്. നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
കയറും പെട്രോൾ നിറച്ച കുപ്പിയുമായാണ് തൊഴിലാളികളുടെ പ്രതിഷേധം. താഴെയിറങ്ങില്ല, സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് തൊഴിലാളികൾ പറയുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.
തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അത് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികൾ കോര്പ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയാണ്.
പിടിച്ചെടുത്ത വാഹനങ്ങൾ വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്നാണ് പുതിയ ആരോപണം. ഇവർ ഒരു പ്രത്യേക വിഭാഗമാണെന്നും സമൂഹത്തിൽ താഴെയുളളവരാണെന്നും കൂടുതൽ അനുകമ്പ കാണിക്കേണ്ടതില്ലെന്നുമായിരുന്നു ഗായത്രിയുടെ പരാമര്‍ശമെന്ന് തൊഴിലാളികൾ പറയുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ മുതൽ കോര്പ്പറേഷൻ കവാടത്തിന് മുകളിൽ കയറി പ്രതിഷേധം തൊഴിലാളികൾ കടുപ്പിച്ചത്.
നേരത്തെ ഈ വാഹനങ്ങള്‍ തിരികെ നല്‍കാമെന്ന് മേയര്‍ ആര്യ രാജേന്ദ്രന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പോയി ബോണ്ട് വെച്ച് വാഹനങ്ങള്‍ തിരിച്ചെടുക്കാനാണ് മേയർ നിലവില്‍ അറിയിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.