ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു; ഇന്നുമുതല്‍ 18 മണിക്കൂര്‍ ദര്‍ശനം, രാവിലെ അവലോകന യോഗം
Saturday, November 16, 2024 9:24 AM IST
ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ വന്‍ ഭക്തജന തിരക്ക്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. ഭക്തര്‍ക്ക് ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കും.
ഇന്നു പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശബരിമലയിലും വാസുദേവൻ നന്പൂതിരി മാളികപ്പുറത്തും നട തുറന്നു. വെർച്വൽ ക്യൂ മുഖേന പ്രതിദിനം 70,000 പേർക്കാണ് ദർശനം അനുവദിക്കുക. 10,000 പേർക്ക് തത്സമയ ബുക്കിംഗ് വഴിയും ദർശനം ലഭിക്കും. ഇന്ന് 70,000 പേരാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നട തുറന്നപ്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാർ, സി.ജി. സുന്ദരേശൻ എന്നിവർ ശബരിമലയിലുണ്ടായിരുന്നു. സന്നിധാനത്ത് തങ്ങുന്ന മന്ത്രി വി.എന്‍. വാസവന് രാവിലെ 8.30 ന് ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചിട്ടുണ്ട്.