ട്രംപിന്റെ വിജയം: വൻ നിക്ഷേപ പ്രഖ്യാപനവുമായി ഗൗതം അദാനി
Friday, November 15, 2024 4:23 AM IST
വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിനു പിന്നാലെ അമേരിക്കയിൽ വൻ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ഗൗതം അദാനി. അമേരിക്കയിലെ ഊർജ സുരക്ഷയിലും അടിസ്ഥാന സൗകര്യ മേഖലയിലും 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചത്.
15,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ഊർജ, അടിസ്ഥാന സൗകര്യ മേഖലകളിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് ചെയർമാൻ ഗൗതം അദാനി സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ഇതിലൂടെ 15,000 പേർക്ക് ജോലി ലഭിക്കുമെന്ന് ഗൗതം അദാനി വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്ന സാഹചര്യത്തില്‍ അദാനി ഗ്രൂപ്പ് ആഗോളതലത്തിലെ അനുഭവ സമ്പത്ത് അമേരിക്കയിലേക്ക് കൂടി എത്തിക്കുകയാണെന്ന് ഗൗതം അദാനി എക്സില്‍ കുറിച്ചു.