മുനമ്പം: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ
Thursday, November 14, 2024 8:16 PM IST
കോട്ടയം: മുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാകണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
മുനമ്പം നിവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിനുപകരം വിഷയത്തില്‍ വര്‍ഗീയത ചാലിച്ചു രാഷ്ട്രീയമുതലെടുപ്പിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടയം നഗരത്തില്‍ നടന്ന മുനമ്പം ജ്വാലാ പ്രയാണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പവിത്രമായ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന കേരള മണ്ണില്‍ വര്‍ഗീയത വിളമ്പാനുള്ള നീക്കത്തിനെതിരേ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. പരമ്പരാഗതമായും നിയമപരമായും മുനമ്പം നിവാസികള്‍ സ്വന്തമാക്കിയിരിക്കുന്ന ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.