വിദ്യാർഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്
Thursday, November 14, 2024 5:18 PM IST
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിലെ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽ എഇഒ പരിശോധന നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്കൂളിൽ സന്ദർശനം നടത്തുകയും കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.
വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കൃത്യമായ റിപ്പോർട്ട് തയാറാക്കി ഡിഒയ്ക്കും, ഡിഡിഇയ്ക്കും വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുണ്ടാകുക.
തുരുത്തിക്കര എംടി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തത്.
സാരമായ പരിക്കേറ്റ വിദ്യാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും നടുവിനുമാണ് പരിക്കുള്ളത്. ഇന്ന് രാവിലെ ഒൻപതരയോടു കൂടിയായിരുന്നു സംഭവം. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് വിവരം.