രഞ്ജി: രണ്ടാംദിനം കേരളത്തിന് ബാറ്റിംഗ് തകർച്ച; കാംബോജിന് അഞ്ചുവിക്കറ്റ്
Thursday, November 14, 2024 1:22 PM IST
റോഹ്തക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-ഹരിയാന മത്സരത്തിന്റെ രണ്ടാം ദിനത്തിലെ മത്സരവും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വൈകി. ഹരിയാനയുടെ ഹോം ഗ്രൗണ്ടായ ലാഹ്ലി, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാം ദിനം വെളിച്ചക്കുറവ് വില്ലനായതോടെ കളി ആരംഭിക്കാൻ ഉച്ചവരെ കാത്തിരിക്കേണ്ടിവന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലാണ് കേരളം. 31 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും റണ്ണൊന്നുമെടുക്കാതെ സൽമാൻ നിസാറുമാണ് ക്രീസിൽ. അൻഷുൽ കാംബോജിനാണ് അഞ്ചുവിക്കറ്റുകളും. 19 ഓവറിൽ 32 റൺസുമാത്രം വഴങ്ങിയാണ് കാംബോജിന്റെ അഞ്ചുവിക്കറ്റ് പ്രകടനം.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് 10 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും അക്ഷയ് ചന്ദ്രനെ നഷ്ടമായി. 59 റൺസെടുത്ത അക്ഷയ്യെയും പുറത്താക്കിയത് കാംബോജ് ആയിരുന്നു. പിന്നാലെ കളി ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.
തുടർന്ന് ക്രീസിലെത്തിയ ജലജ് സക്സേനയെയും (നാല്), സൽമാൻ നിസാറിനെയും (പൂജ്യം) കാംബോജ് പുറത്താക്കിയതോടെ കേരളം അഞ്ചിന് 158 എന്ന നിലയിലെത്തി.