സ്വർണം വാങ്ങാൻ പറ്റിയ സമയം; അഞ്ചാംദിനവും മൂക്കുകുത്തി താഴെ, ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ
Thursday, November 14, 2024 11:40 AM IST
കൊച്ചി: തുടർച്ചയായ അഞ്ചാംദിനവും സ്വർണവില മൂക്കുകുത്തി താഴേക്ക്. പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,480 രൂപയിലും ഗ്രാമിന് 6,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 5,720 രൂപയായി.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണം. ബുധനാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.
രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ 4,160 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ഔൺസിന് 2,790 ഡോളർ എന്ന സർവകാല റിക്കാർഡിലെത്തിയ രാജ്യാന്തര സ്വർണവില ഇന്ന് 2559.20 ഡോളറിലേക്ക് താഴ്ന്ന ശേഷം നിലവില്‍ 2,562 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
അതേസമയം, ബുധനാഴ്ച കൂടിയ വെള്ളിവില ഇന്നു താഴേക്കിറങ്ങി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 97 രൂപയായി.