സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി മാപ്പുസാക്ഷിയായി
Thursday, November 14, 2024 11:37 AM IST
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്. സ്വപ്നക്കായി വ്യാജരേഖയുണ്ടാക്കിയ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി.
സച്ചിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
സ്വപ്നക്കെതിരായ വ്യാജ ബിരുദം സംബന്ധിച്ച കേസിൽ പോലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് അന്വേഷണം നടത്തിയ കൺടോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിൽ സ്വപ്ന നിയമനം നേടിയത്.