എൻ. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും
Wednesday, November 13, 2024 9:24 PM IST
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരേ സോഷ്യൽ മീഡിയ വഴി പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. ഇതിനായി പ്രശാന്ത് നിയമോപദേശം തേടിയെന്നും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നുമാണ് വിവരം.
തന്റെ വിശദീകരണം കേൾക്കാതെയാണ് സസ്പെൻഷൻ നടപടിയെന്ന് എൻ. പ്രശാന്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ലെന്നും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും സർക്കാരിന്റെ നടപടിയിൽ അത്ഭുതം തോന്നുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പ്രശാന്ത് പ്രതികരിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരേ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമർശങ്ങൾ അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ പൊതുമധ്യത്തിൽ നാണം കെടുത്തിയെന്നും സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നുമാണ് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നത്.
ഉന്നതി സിഇഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഫയല്‍ മുക്കി എന്ന ആരോപണത്തിന് പിന്നില്‍ എ.ജയതിലകാണെന്നായിരുന്നെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ എൻ.പ്രശാന്ത് ആരോപണമുന്നയിച്ചത്.