ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്; വയനാട്ടിൽ 40.64 ശതമാനം, ചേലക്കരയിൽ 44.35 ശതമാനം
Wednesday, November 13, 2024 2:18 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിംഗ് പുരോഗമിക്കുന്നു. പല ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണു ദൃശ്യമായത്.
ഉച്ചയോടെ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപും ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം ആശ്രമം സ്കൂളിലെ 25-ാംനമ്പർ ബൂത്തിലാണ് പ്രദീപിനു വോട്ട്. പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലാണ് ബാലകൃഷ്ണനു വോട്ട്. അതേസമയം, യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനു മണ്ഡലത്തിൽ വോട്ടില്ല.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയശ്രദ്ധ ആകർഷിച്ച വയനാട്ടിൽ 14,71,742 പേർക്കാണ് വോട്ടവകാശം. എൽഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ. ആകെ 16 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 11 ബൂത്തുകൾ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്.
ചേലക്കരയിൽ 2.13 ലക്ഷം വോട്ടർമാർക്കായി 180 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. റിസർവ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുൾപ്പടെ ആകെ 236 ഇവിഎമ്മുകൾ ക്രമീകരിച്ചിട്ടുണ്ട്.