ഐഎഎസ് തലപ്പത്ത് നടപടി; എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും സസ്പെൻഷൻ
Monday, November 11, 2024 9:36 PM IST
തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും സസ്പെൻഷൻ. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് എന്ന പേരിൽ മതാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിനാണ് വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷണനെതിരേ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ സമൂഹമാധ്യമത്തിലൂടെ തുടർച്ചയായി വിമർശനമുന്നയിച്ച് സർക്കാരിന് നാണക്കേടുണ്ടാക്കിയതിനാണ് എൻ. പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.
മതാടിസ്ഥാനത്തിൽ ഗ്രൂപ്പ് നിർമിച്ചത് തന്റെ അറിവോടെയല്ലെന്നും ഫോൺ ഹാക്ക്ചെയ്യപ്പെട്ടെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. എന്നാൽ അന്വേഷണത്തിൽ ഹാക്കിംഗ് നടന്നതായി കണ്ടെത്താനായിരുന്നില്ല.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ച് എൻ. പ്രശാന്ത് രംഗത്തെത്തിയിരുന്നു. നടപടി ഉറപ്പായിട്ടും പ്രശാന്ത് വിമർശനം തുടരുകയായിരുന്നു. ഇതിനിടെ ആഴക്കടൽ വിവാദത്തിൽ പ്രശാന്തിന് പങ്കുണ്ടെന്ന് പറഞ്ഞ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആരാണെന്ന് അറിയില്ലെന്ന് പ്രശാന്ത് പരിഹസിച്ചിരുന്നു.
ഐഎഎസ് ചേരിപ്പോരിൽ ഇന്നലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സ്വമേധയാ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.