ഐഎഎസ് ചേരിപ്പോര്: നടപടി മുഖ്യമന്ത്രി തീരുമാനിക്കും
Monday, November 11, 2024 12:39 PM IST
തിരുവനന്തപുരം: അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരേ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത. നടപടി എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
കീഴുദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കുന്ന പ്രവൃത്തികളാണ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിന്റേത് എന്നായിരുന്നു പ്രശാന്തിന്റെ വിമർശനം. എസ്സി-എസ്ടി വകുപ്പിൽ താനുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതിനു പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് മറുപടിയായി മാടന്പള്ളിയിലെ യഥാർഥ മനോരോഗി ജയതിലക് ആണെന്നും പ്രശാന്ത് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരേ സര്ക്കാര് നടപടി ആലോചിക്കുന്നതിനിടെയാണു വീണ്ടും കടുത്ത വിമര്ശനമുയര്ത്തി പ്രശാന്ത് രംഗത്തെത്തിയത്.
സർവീസ് ചട്ടം ലംഘിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ തുടർച്ചയായി കടുത്ത വിമർശനം നടത്തിയ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തും മത അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് സർക്കാരിന് അവമതിപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനുമെതിരേ നടപടി ശിപാർശ ചെയ്തു കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാൽ വിശദീകരണം പോലും ചോദിക്കേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്. പ്രശാന്തിന്റെ പ്രവൃത്തി ചട്ടലംഘനമെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ട്. പ്രശാന്തിനെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.