യുക്രെയ്ൻ സംഘർഷം; ട്രംപും പുടിനും ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്
Monday, November 11, 2024 5:11 AM IST
വാഷിംഗ്ടൺ ഡിസി: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. പുടിനോട് യുക്രെയ്നിലെ യുദ്ധം വർധിപ്പിക്കരുതെന്ന് ട്രംപ് അഭ്യർഥിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നിന്നാണ് അദ്ദേഹം ഫോൺ വിളിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യൂറോപ്പിലെ അമേരിക്കയുടെ സൈനിക സാന്നിധ്യത്തെക്കുറിച്ചും ട്രംപ് പുടിനെ ഓർമിപ്പിച്ചതായാണ് വിവരം.
യുക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി ബുധനാഴ്ച ട്രംപുമായി സംസാരിച്ചിരുന്നു. ശതകോടീശ്വരനായ എലോൺ മസ്കും സംഭാഷണത്തിൽ പങ്കുചേർന്നു. താനും ട്രംപും സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചതായി സെലൻസ്കി അറിയിച്ചു.