ഡിജിറ്റൽ അറസ്റ്റിൽ നിന്നും വ്യവസായിയെ രക്ഷിച്ച് പോലീസ്
Monday, November 11, 2024 4:59 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ഡിജിറ്റൽ അറസ്റ്റിൽ നിന്നും വ്യവസായിയെ രക്ഷിച്ച് പോലീസ്. ഭോപ്പാലിലെ അരേര കോളനിയിലെ താമസക്കാരനായ വിവേക് ഒബ്റോയിക്കാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ വന്നത്.
സിബിഐ, മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുകളും വിവേകിനോട് ഫോണിൽ സംസാരിച്ചു. തുടർന്ന് വിവേകിന്റെ ആധാർ ഉപയോഗിച്ച് നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് ഇവർ അവകാശപ്പെട്ടു.
കൂടാതെ ഒബ്റോയിയോട് സ്കൈപ്പ് വീഡിയോ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറയുകയും ഒരു മുറിയിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹം മധ്യപ്രദേശ് പോലീസിൽ വിവരമറിയിച്ചു. പോലീസ് ഉടൻതന്നെ വീട്ടിലെത്തി.
പോലീസ് ഇവരോട് ഐഡന്റിറ്റി കാർഡ് ആവശ്യപ്പെട്ടപ്പോൾ ഇവർ വീഡിയോ കോൾ വിച്ഛേദിച്ച് പോകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.