മഹാരാഷ്ട്രയിൽ 16 വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
Monday, November 11, 2024 3:18 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാവികാസ് സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമതർക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്. 16 വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറ് വർഷത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്.
സൊനൽ കൊവെ, അഭിലാഷ ഗവതുരെ, പ്രേംസാഗർ ഗൻവീർ, അജയ് ലഞ്ചെവാർ , വിലാസ് പാട്ടീൽ, ഹൻസ്കുമാർ പാണ്ഡെ, കമാൽ വ്യവ്ഹാരെ, മോഹൻറാവു ദൻഡേകർ, മൻഗൽ ഭുജ്ഭൽ, മനോജ് ഷിൻഡെ, വിജയ് ഖഡ്സെ, ഷാബിർ ഖാൻ, അവിനാഷ് ലാഡ്, യജ്നവൽക്യ ജിച്ച്കർ, രാജേന്ദ്ര മുലക്, ആനന്ദ്റാവു ഗെദം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമതർക്കെതിരെ നടപടിയെടുക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് വിമതർക്കെതിരെ കോൺഗ്രസ് നടപടിയെടുത്തത്.വിമതനായി നേരത്തെ രംഗത്തെത്തുകയും നാമനിർദേശപത്രിക കൊടുക്കുകയും ചെയ്തിരുന്ന കോൺഗ്രസ് നേതാവ് മുക്താർ ഷെയ്ഖ് പിന്നീട് പത്രിക പിൻവലിച്ചിരുന്നു.