പത്തനംതിട്ടയിൽ പൊതുറോഡിൽ പിറന്നാൾ ആഘോഷിച്ച സംഭവം: ഒന്നാം പ്രതി പിടിയിൽ
Monday, November 11, 2024 1:32 AM IST
പത്തനംതിട്ട: പൊതുറോഡിൽ വഴി തടഞ്ഞ് പിറന്നാൾ ആഘോക്ഷം നടത്തിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് പിടിയിലായത്.
ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. വാഹനഗതാഗതം തടസപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 9.15 നായിരുന്നു കാർ റാലിയുമായി വഴി തടഞ്ഞ് കൊണ്ടുള്ള യുവാവിന്റെ പിറന്നാൾ ആഘോഷം. ഇരുപതോളം കാറുകളുമായി അൻപതിൽ അധികം യുവാക്കളാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു.