വയനാട്ടിൽ കോൺഗ്രസ് കള്ളപ്പണം ഒഴുക്കുന്നു: പി.കെ.കൃഷ്ണദാസ്
Sunday, November 10, 2024 9:38 PM IST
കല്‍പ്പറ്റ: പരാജയ ഭീതിയെ തുടർന്ന് വയനാട്ടിൽ കോൺഗ്രസ് കള്ളപ്പണം ഒഴുക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിലാണ് കള്ളപ്പണവും മദ്യവും വയനാട്ടിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2019ലും 2024ലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് യുഡിഎഫ് വയനാട് ജനതയെ കബളിപ്പിച്ചു. അതിനാലാണ് രാഹുല്‍ ജയിച്ചത്. ഇത്തവണ അത്തരത്തിലുള്ള പ്രചാരണങ്ങള്‍ വിലപ്പോകില്ല എന്ന് കണ്ടപ്പോഴാണ് പ്രിയങ്കയ്ക്കായി കള്ളപ്പണമിറക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്.
ഇതിനായുള്ള കള്ളപ്പണവുമായി വരുന്ന വാഹനങ്ങള്‍ക്ക് നേരെ കേരള പോലീസ് കണ്ണടയ്ക്കുകയാണ്. പ്രചാരണത്തിനെത്തിയ കര്‍ണാടക എംഎല്‍എമാരുടെ വാഹനത്തിലും കോടികള്‍ എത്തിച്ചതായും സംശയിക്കുന്നുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു.