ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടി; ചീഫ് സെക്രട്ടറി റിപ്പോർട്ട് കൈമാറി
Sunday, November 10, 2024 7:56 PM IST
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറി. കൃഷി വകുപ്പ് സെപ്ഷൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതുവരെ നടന്ന സംഭവങ്ങളെല്ലാം റിപ്പോർട്ടിലുണ്ട്.
സ്വമേധയ ചീഫ് സെക്രട്ടറി റിപ്പോർട്ട് തയാറാക്കി കൈമാറുകയായിരുന്നു. പരസ്യ വിമർശനത്തിൽ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയാണ് ആരോപണവുമായി എൻ.പ്രശാന്ത് രംഗത്തെത്തിയത്.
ജൂണിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസിൽ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തമ്മിലടിയിൽ തുടർ നടപടി എന്തു വേണമെന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയാണ് തീരുമാനിക്കുക.
പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.