കോൺഗ്രസും സഖ്യകക്ഷികളും ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കുന്നു: നരേന്ദ്ര മോദി
Sunday, November 10, 2024 6:19 PM IST
റാഞ്ചി : കോൺഗ്രസും സഖ്യകക്ഷികളും ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് ഉപജാതികളെ പരസ്പരം മത്സരിപ്പിക്കുകയാണ്. ഒരുമിച്ചുനിന്നാൽ നമ്മൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
ജാർഖണ്ഡിലെ ബൊക്കാരോവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊണ്ണൂറുകളിൽ ഒബിസി വിഭാഗത്തിന് സംവരണം ലഭിച്ചതിനുശേഷം കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ 250 സീറ്റുകൾ പോലും തികയ്ക്കാൻ കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് ഒബിസിയെ വിഭജിച്ച് നിരവധി ഉപജാതികളാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഒബിസിയ്ക്ക് കീഴിലുള്ള ജാതികളുടെ ഒത്തൊരുമ രാജ്യത്തെ ശക്തമാക്കി. പക്ഷേ ഈ ജാതിക്കാർ തമ്മിൽ പരസ്പരം പോരടിക്കണമെന്നാണ് കോൺഗ്രസിന്റെയും ജെഎംഎമ്മിന്റെയും ആഗ്രഹം.
ഒബിസി വിഭാഗത്തിൽപ്പെടുന്ന ജാതികൾ ഒബിസിയായി പരിഗണിക്കുന്നത് അവസാനിപ്പിച്ച് അതത് ജാതിപേരുകളിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഒബിസി വിഭാഗം പിളരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ പിളർന്നാൽ നിങ്ങളുടെ ശബ്ദം ദുർബലമാകില്ലേ? നമ്മൾ ഒരുമിച്ചുനിന്നാൽ നമ്മൾ ശക്തരാകുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.