ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ എങ്ങനെ ഹൈ വാല്യൂ ടൂറിസ്റ്റുകൾ എത്തുമെന്ന് ബിജു പ്രഭാകർ
Sunday, November 10, 2024 4:07 PM IST
കൊച്ചി: കേരളത്തിൽ എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ എങ്ങനെ ഹൈ വാല്യൂ ടൂറിസ്റ്റുകൾ എത്തുകയെന്ന് ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ.
എന്തിനാണ് കേരളത്തിൽ ഡ്രൈ ഡേ എന്ന് മനസിലാകുന്നില്ലെന്നും സർക്കാർ ഇതിനെ എതിർക്കാൻ ശ്രമിക്കുമ്പോൾ കുറേ എതിർപ്പുകൾ വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വിദേശ പായ്വഞ്ചി സഞ്ചാരികൾ എത്താത്തതിന്റെ കാരണവും ഇത്തരം സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് ഹൈ വാല്യു ടൂറിസ്റ്റുകളെ കൊണ്ടുവരണം. അത് ഒരു സുപ്രഭാതത്തിൽ നടക്കില്ല. അതിനായി കാമ്പയിൻ ആവശ്യമുണ്ട്. പല ആളുകൾ ജയ്പുർ, ജോധ്പുർ എന്നിവിടങ്ങളിൽ ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിങ്ങനെയൊക്കെ പോകുമ്പോൾ നമ്മളും അത്തരം സ്കീമുകൾ കൊണ്ടുവരണം.
ഇവിടുത്തെ പ്രധാന പ്രശ്നം ഒന്നാം തീയതി ബാറടയ്ക്കുന്നു എന്നതാണ്. അത് മാറ്റിയേ തീരു. ഒന്നാം തീയതി കല്യാണമോ മറ്റ് പരിപാടികളോ വയ്ക്കുകയാണെങ്കിൽ ഒന്നിനും പറ്റില്ലെന്ന് പറയുന്നത് ഹോട്ടലുകാർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇത് മാറ്റാൻ ടൂറിസം വകുപ്പ് നിരന്തരം ഇടപെടുകയാണെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.