വായില്ലാ കോടാലിയെ എന്തിനു ഭയക്കണം, ഉണങ്ങി ദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രി: അൻവർ
Sunday, November 10, 2024 3:06 PM IST
ചേലക്കര: മുഖ്യമന്ത്രിയുടെ വാപോയ കോടാലി പരാമര്‍ശത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എംഎൽഎ. വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നും നവംബർ 23-ന് അത് മുഖ്യമന്ത്രി മനസിലാക്കുമെന്നും അൻവർ പറഞ്ഞു.
ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രി. ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നും അന്‍വര്‍ പറഞ്ഞു.
മണ്ഡലത്തിലുടനീളം സിപിഎമ്മിന്റെ സ്ഥാനാര്‍ഥിക്ക് വേണ്ടി എഴുതിയിട്ടുള്ള ചുമരെഴുത്തുകളിലും പോസ്റ്ററുകളിലും ഒരു സ്ഥലത്ത് പോലും ഇടതുപക്ഷ നേതൃത്വം മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ചില്ല. മുഖ്യമന്ത്രിക്ക് അതിപ്പോഴും മനസിലാകുന്നില്ല. അദ്ദേഹം ഇവിടെ ക്യാമ്പ് ചെയ്തിരിക്കുകയാണ്.
ഒരു ഉപതെരഞ്ഞെടുപ്പിന് വാര്‍ഡ് വാര്‍ഡാനന്തരം ഒരു മുഖ്യമന്ത്രി കയറിയിറങ്ങുന്ന സ്ഥിതിയാണ് ചേലക്കരയില്‍. എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്. വായില്ലെങ്കില്‍ നമുക്ക് നോക്കാം. കോടാലി മൂര്‍ച്ചയില്ലെങ്കിലും കോടാലിയായിട്ടു തന്നെയാണ് ഉപയോഗിക്കുന്നത്. അത് മറ്റൊരാവശ്യത്തിന് ഉപയോഗിക്കില്ല.
മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് നഷ്ടപ്പെടുമെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ചേലക്കരയിലുണ്ടായിട്ടുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.