കേന്ദ്ര ഏജൻസികളുടെ കേസിൽനിന്നും രക്ഷപ്പെടാൻ സംഘപരിവാറിന്റെ കാലിൽ പിടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി: വി.ഡി. സതീശൻ
Sunday, November 10, 2024 10:57 AM IST
പാലക്കാട്: മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ഏജൻസികൾ പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ എടുത്തിരിക്കുന്ന കേസുകളിൽനിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രി സംഘപരിവാറിന്റെ കാലിൽ പിടിച്ചിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
ദൂതനെവിട്ട് ആർഎസ്എസ് നേതാക്കളുമായി ഗൂഢാലോചന നടത്തിയത് പിണറായി വിജയനാണ്. ആർഎസ്എസ് നേതാക്കളുമായി മസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയതും പൂരം കലക്കി ബിജെപിയെ വിജയിപ്പിച്ചതും പിണറായി വിജയനാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇതിൽ കുറ്റബോധവും ജാള്യതയും ഉണ്ട്. ആ ജാള്യതയിലാണ് യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത്.
സ്വന്തം കേസുകളിൽനിന്നും രക്ഷപ്പെടാൻ വേണ്ടി കേരളത്തിലെ സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയ നേതാവാണ് പിണറായി വിജയൻ. കേരളത്തിന്റെ ചരിത്രത്തിൽ സിപിഎമ്മിന്റെ ഏറ്റവും അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശൻ കൂട്ടിച്ചേർത്തു.