സീ പ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണം: കെ.സുധാകരന്
Saturday, November 9, 2024 6:39 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച് സിപിഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. പദ്ധതി നടപ്പിലാക്കാൻ വൈകിപ്പിച്ചതിന് ഉമ്മന്‍ ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ഇറക്കാന്‍ പോലും സമ്മതിച്ചില്ല. സിപിഎം എതിര്‍ത്തു തകര്‍ത്ത അനേകം പദ്ധതികളില്‍ സീപ്ലെയിനും ഇടംപിടിച്ചു.
തുടർന്ന് സീ ബേര്‍ഡ് എന്ന കമ്പനിയുടെ സീപ്ലെയിന്‍ 2019ല്‍ ബാങ്ക് ജപ്തി ചെയ്തു. ഫ്ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സര്‍ക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് സീപ്ലെയിന്‍ പദ്ധതി വിജയകരമായി നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.