അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം രാത്രി ഒമ്പതുവരെ അടച്ചിടും
Saturday, November 9, 2024 4:52 PM IST
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും.
ആറാട്ടെഴുന്നള്ളത്ത് നടക്കുന്നതിനാൽ ശനിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി ഒമ്പതുവരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. വിമാനങ്ങളുടെ സമയത്തില്‍ മാറ്റം ഉള്ളതിനാൽ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം മൂന്നു മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസും അറിയിച്ചു. മൂന്നു മുതല്‍ രാത്രി പത്തു വരെ വാഴപ്പള്ളി ജംഗ്ഷന് മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം - കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനിലും ഗതാഗതം തടസപ്പെടും.
ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകുന്നേരം മൂന്നു മുതല്‍ വാഴപ്പള്ളി ജംഗ്ഷന്, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷന് എന്നീ ഭാഗങ്ങളില്‍ കൂടിയുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിടും.
ശംഖുമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴിയാണ് പോകണം.