മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു, ഭക്ഷ്യക്കിറ്റ് സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ്
Saturday, November 9, 2024 2:56 PM IST
കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷണ സാധാനവും വിതരണം ചെയ്തിട്ടില്ല. റവന്യു അതോററ്റി നൽകിയ സാധാനങ്ങളാണ് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പഴകിയ സാധനങ്ങൾ നൽകിയ സംഭവത്തിൽ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പഞ്ചായത്തിന്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിന് സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ്. ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 15 മുതൽ ഈ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിക്കഴിയുന്നതുവരെ പഞ്ചായത്ത് മെന്പർമാർക്ക് പെരുമാറ്റ ചട്ടം അനുസരിച്ച് ഈ സാധാനം വിതരണം ചെയ്യാൻ പാടില്ല. അവരെല്ലാവരും അതുകൊണ്ട് മാറി നിൽക്കുകയാണ്. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി ഈ പച്ചക്കള്ളം പറയുന്നതെന്നും സതീശൻ ചോദിച്ചു.