നടപടി അംഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും: പി.പി.ദിവ്യ
Saturday, November 9, 2024 2:50 PM IST
കണ്ണൂർ: തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവ് പി.പി. ദിവ്യ. ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തന്റെ പ്രതികരണമല്ലെന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
പാര്‍ട്ടി നടപടി സ്വീകരിച്ചതില്‍ ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ല . ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരുമെന്ന് പോസ്റ്റിൽ പറയുന്നു.
തന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ പറയുന്നു. തനിക്കെതിരെയുള്ള പാര്‍ട്ടി നടപടി അംഗീകരിക്കുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ദിവ്യ പിന്നീട് കൂട്ടിച്ചേര്‍ത്തു.