പതിനൊന്നം നാൾ ജയിൽ മോചിത; എഡിഎമ്മിന്റെ മരണത്തിൽ ദുഖം: പി.പി.ദിവ്യ
Friday, November 8, 2024 5:02 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പി.പി.ദിവ്യ ജയിൽ മോചിതയായി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് പി.പി.ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് ദുഖമുണ്ടെന്നും തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നും ദിവ്യ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി.
എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളതെന്നും ദിവ്യ പറഞ്ഞു. പള്ളിക്കുന്ന് വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സിപിഎമ്മിന്റെയും ജില്ലാ നേതാക്കളും എത്തിയിരുന്നു.
ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുദിച്ചിരിക്കുന്നത്.