ആർട്ടിക്കിൾ 370: ജമ്മു കാഷ്മീർ നിയമസഭയിൽ ഇന്നും കൈയാങ്കളി; 13 എംഎൽഎമാരെ പുറത്താക്കി
Friday, November 8, 2024 3:46 PM IST
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭയിൽ തുടർച്ചയായ മൂന്നാംദിവസവും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്.
പ്രമേയത്തെ അനുകൂലിച്ച് പിഡിപി അംഗം ബാനര്‍ ഉയര്‍ത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ‘ഭാരത് മാതാ കീ ജയ്’ വിളികളുമായി ബിജെപി അംഗങ്ങളുമെത്തിയതോടെ പ്രതിഷേധം കൈയാങ്കളിയിൽ കലാശിച്ചു.
നടുത്തളത്തിലിറങ്ങി സ്പീക്കര്‍ക്ക് മുന്പില് ഏറ്റുമുട്ടിയ അംഗങ്ങൾ മേശപ്പുറത്ത് കയറിയും പ്രതിഷേധിച്ചു. ഇതിനു പിന്നാലെ 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. ഇതിൽ 12 പേർ ബിജെപി അംഗങ്ങളാണ്. ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൾ റഹീം റാത്തർ സഭ ഇന്നത്തേക്ക് നിർത്തിവച്ചതായി പ്രഖ്യാപിച്ചു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ബുധനാഴ്ച ജമ്മു കാഷ്മീർ നിയമസഭ പാസാക്കിയിരുന്നു. 2019ലാണ് ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്.