മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ തെളിവുണ്ട്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Friday, November 8, 2024 1:48 PM IST
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതി തള്ളി.
കേസിൽ തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത്.
മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. നവകേരള യാത്രക്കിടെയാണ് ആലപ്പുഴയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മർ വളഞ്ഞിട്ട് ആക്രമിച്ചത്.
ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നല്കിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിലെ പ്രധാന വാദം.
മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടയിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം നടന്നത്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്.
ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച പ്രവർത്തകരെ അവിടെ ഉണ്ടായിരുന്ന പോലീസുകാർ കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ ബസിനുപിന്നാലെ വാഹനത്തിലെത്തിയ അംഗരക്ഷകർ ലാത്തികൊണ്ട് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല.
പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.