വീണ്ടും തോൽവിയായി രാഹുൽ; ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച, അഞ്ചിന് 56
Friday, November 8, 2024 1:10 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിലും തകർന്നടിഞ്ഞ് ഇന്ത്യ എ. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എ രണ്ടാംദിനം കളി നിർത്തുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലാണ്.
19 റൺസുമായി ധ്രുവ് ജുറെലും ഒമ്പതു റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. അഭിമന്യു ഈശ്വരൻ (17), കെ.എൽ. രാഹുൽ (10), സായ് സുദർശൻ (മൂന്ന്), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (11), ദേവ്ദത്ത് പടിക്കൽ (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
നേരത്തെ, 62 റൺസിന്റെ കടവുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് 25 റൺസെടുക്കവേ അഭിമന്യു ഈശ്വരനെ നഷ്ടമായി. മക്ആൻഡ്രുവിനാണ് വിക്കറ്റ്. ആറു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സായ് സുദർശനെയും നഷ്ടമായതോടെ രണ്ടിന് 31 റൺസെന്ന നിലയിലായി.
സ്കോർബോർഡിൽ 44 റൺസ് ആയപ്പോഴേക്കും നായകൻ ഋതുരാജ് ഗെയ്ക്വാദിനെയും കെ.എൽ. രാഹുലിനെയും ഇന്ത്യ എയ്ക്ക് നഷ്ടമായി. ബോർഡർ- ഗവാസ്കർ പരമ്പരയ്ക്കു മുന്നോടിയായി ഓസ്ട്രേലിയയിലെത്തിയ കെ.എൽ. രാഹുൽ വീണ്ടും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് മെൽബണിൽ കണ്ടത്.
പിന്നാലെ ഒരു റണ്ണുമായി ദേവ്ദത്ത് പടിക്കലും മടങ്ങിയതോടെ അഞ്ചിന് 56 റൺസെന്ന നിലയിൽ ഇന്ത്യ എ തകർന്നു. ഓസ്ട്രേലിയ എയ്ക്കു വേണ്ടി നഥാൻ മക്ആൻഡ്രൂവും ബ്യൂ വെബ്സ്റ്ററും രണ്ടുവിക്കറ്റ് വീതവും കോറി റോക്കിച്ചിയോളി ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഇന്ത്യ എയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 162 റൺസിനെതിരേ ഓസ്ട്രേലിയ എ 223 റൺസിനു പുറത്തായിരുന്നു. 50 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ആതിഥേയരെ ചെറിയ സ്കോറിൽ ഒതുക്കിയത്.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ എയ്ക്ക് അഞ്ചുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സാം കോണ്‍സ്റ്റാസിന്റെ (മൂന്ന്) വിക്കറ്റ് നഷ്ടമായി.
പിന്നാലെയെത്തിയ ഒലിവര്‍ ഡേവിസ് (13), ബ്യൂ വെബ്സ്റ്റര്‍ (അഞ്ച്) എന്നിവരും വളരെ വേഗം മടങ്ങിയതോടെ ഓസ്ട്രേലിയ എ അഞ്ചിന് 84 റൺസ് എന്ന നിലയിൽ തകർന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച മാർക്കസ് ഹാരിസും ജിമ്മി പിയേഴ്സണും ചേർന്ന് സ്കോർ 150 കടത്തി.
തൊട്ടുപിന്നാലെ, തന്റെ അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യ എയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ സ്കോട്ട് ബോളണ്ടിനെയും (പൂജ്യം) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ഞെട്ടിച്ചു.
138 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 74 റൺസെടുത്ത മാർക്കസ് ഹാരിസാണ് ഓസ്ട്രേലിയ നിരയിലെ ടോപ് സ്കോറർ. ജിമ്മി പിയേഴ്സൺ 70 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസെടുത്തു.
എട്ടിന് 167 റൺസെന്ന നിലയിൽ തകർന്ന ഓസ്ട്രേലിയ എയെ പിന്നീട് നഥാൻ മക്ആൻഡ്രൂവും കോറി റോക്കിച്ചിയോളിയും ചേർന്ന് 200 കടത്തി. സ്കോർ 223 റൺസിൽ നില്‍ക്കെ 35 റൺസെടുത്ത കോറിയെ മുകേഷ് കുമാർ പുറത്താക്കി. അവസാന ബാറ്റർ മൈക്കൽ നെസർ ആബ്സന്റ് ഹർട്ട് ആയതോടെ ഓസ്ട്രേലിയ എ ഇന്നിംഗ്സ് അവസാനിച്ചു. 26 റൺസുമായി നഥാൻ മക്ആൻഡ്രൂ പുറത്താകാതെ നിന്നു.
ഇന്ത്യ എയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് കുമാർ മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റെടുത്തു.