എറിഞ്ഞിട്ട് പ്രസിദ്ധ് കൃഷ്ണ, പിടിച്ചുനിന്ന് ഓസ്ട്രേലിയ എ; 223 നു പുറത്ത്
Friday, November 8, 2024 11:00 AM IST
മെല്‍ബണ്‍: ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്ട്രേലിയ എയ്ക്ക് ലീഡ്. ഒന്നാമിന്നിംഗ്സിൽ 223 റൺസിന് ആതിഥേയർ പുറത്തായി. ഇന്ത്യ എയുടെ ഒന്നാമിന്നിംഗ്സ് 162 റൺസിൽ അവസാനിച്ചിരുന്നു.
ഇതോടെ ഓസ്ട്രേലിയ എ 62 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് സ്വന്തമാക്കി. 50 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ആതിഥേയരെ ചെറിയ സ്കോറിൽ ഒതുക്കിയത്.
നേരത്തെ, രണ്ടു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ എയ്ക്ക് അഞ്ചുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സാം കോണ്‍സ്റ്റാസിന്റെ (മൂന്ന്) വിക്കറ്റ് നഷ്ടമായി.
പിന്നാലെയെത്തിയ ഒലിവര്‍ ഡേവിസ് (13), ബ്യൂ വെബ്സ്റ്റര്‍ (അഞ്ച്) എന്നിവരും വളരെ വേഗം മടങ്ങിയതോടെ ഓസ്ട്രേലിയ എ അഞ്ചിന് 84 റൺസ് എന്ന നിലയിൽ തകർന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച മാർക്കസ് ഹാരിസും ജിമ്മി പിയേഴ്സണും ചേർന്ന് സ്കോർ 150 കടത്തി.
തൊട്ടുപിന്നാലെ, തന്റെ അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യ എയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ സ്കോട്ട് ബോളണ്ടിനെയും (പൂജ്യം) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ഞെട്ടിച്ചു.
138 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 74 റൺസെടുത്ത മാർക്കസ് ഹാരിസാണ് ഓസ്ട്രേലിയ നിരയിലെ ടോപ് സ്കോറർ. ജിമ്മി പിയേഴ്സൺ 70 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസെടുത്തു.
എട്ടിന് 167 റൺസെന്ന നിലയിൽ തകർന്ന ഓസ്ട്രേലിയ എയെ പിന്നീട് നഥാൻ മക്ആൻഡ്രൂവും കോറി റോക്കിച്ചിയോളിയും ചേർന്ന് 200 കടത്തി. സ്കോർ 223 റൺസിൽ നില്‍ക്കെ 35 റൺസെടുത്ത കോറിയെ മുകേഷ് കുമാർ പുറത്താക്കി. അവസാന ബാറ്റർ മൈക്കൽ നെസർ ആബ്സന്റ് ഹർട്ട് ആയതോടെ ഓസ്ട്രേലിയ എ ഇന്നിംഗ്സ് അവസാനിച്ചു. 26 റൺസുമായി നഥാൻ മക്ആൻഡ്രൂ പുറത്താകാതെ നിന്നു.
ഇന്ത്യ എയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് കുമാർ മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റെടുത്തു.