ജയിലിലെത്തിയ ഉമ്മയെ നേരിൽ കാണാൻ തയാറാകാതെ അബ്ദുൾ റഹീം; ഫോണിൽ സംസാരിച്ചു
Friday, November 8, 2024 10:33 AM IST
റിയാദ്: മോചനം കാത്തു സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനെ സന്ദർശിക്കാൻ കുടുംബം റിയാദ് ജയിൽ എത്തി. നേരിൽ കാണാൻ ശ്രമിച്ചെങ്കിലും റഹീം വിസമ്മതിച്ചതിനെ തുടർന്നു ഉമ്മ ഫാത്തിമ വീഡിയോ കോളിൽ സംസാരിച്ചു.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലാണ് ഉമ്മയും സഹോദരൻ എം.പി. നസീർ, അമ്മാവൻ അബ്ബാസ് എന്നിവർ എത്തിയത്. ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് അധികൃതർ പ്രവേശനം അനുവദിച്ചത്.
18 വർഷമായി റഹീമിന്റെ മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്.
റഹീമിന്റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്. റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവഹിച്ചു മടങ്ങാനായിരുന്നു തീരുമാനം.
കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിംഗ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. കേസ് ഇനി 17ന് പരിഗണിക്കുമെന്നു അറിയിപ്പ് ലഭിച്ചിട്ടുണ്ട്.