വൻവീഴ്ചയിൽനിന്നു തിരിച്ചുകയറി സ്വര്‍ണം; പവന് കൂടിയത് 680 രൂപ, 58,000ന് മുകളില്‍
Friday, November 8, 2024 10:20 AM IST
കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ കനത്ത വീഴ്ചയുടെ ക്ഷീണം മാറ്റി സ്വർണക്കുതിപ്പ്. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 58,280 രൂപയിലും ഗ്രാമിന് 7,285 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ ഉയർന്ന് 6,000 രൂപയിലും പവന് 560 രൂപ ഉയർന്ന് 48,000 രൂപയിലുമെത്തി.
സംസ്ഥാനത്ത് റിക്കാർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില വ്യാഴാഴ്ച ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞിരുന്നു. ഈമാസം ഒന്നാം തിയതി മുതൽ സ്വർണവില ഇടിയുന്ന പ്രവണത കാണിച്ച സ്വർണവില ബുധനാഴ്ച 80 രൂപ വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച മൂക്കുകുത്തിവീണത്. ദീപാവലി ദിനത്തിൽ പവന് 120 രൂപ ഉയർന്ന് 59,640 രൂപയെന്ന പുത്തൻ ഉയരത്തിലെത്തിയ ശേഷമാണ് കഴിഞ്ഞയാഴ്ച സ്വർണവില താഴേക്കുപോയത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വൻ വിജയത്തിനു പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതും ക്രിപ്റ്റോകറൻസികൾ റിക്കാർഡ് കുതിപ്പ് ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽതന്നെ സ്വർണവില കുറയാനിടയാക്കിയത്.
ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.
പിന്നീട് ഒക്ടോബര്‍ 16നാണ് വില പവന് 57,000 രൂപ കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58,000 രൂപയും കടന്നു. അതിന് ശേഷം 58,000 രൂപയ്ക്ക് താഴോട്ട് പോയിട്ടില്ല. ഒക്ടോബർ 29ന് 59,000 കടന്ന സ്വർണവില വീണ്ടും കുതിച്ചുയരുകയാണുണ്ടായത്.
സംസ്ഥാനത്തെ വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.