ഇരുമ്പയിര് കേസ്: കർണാടക ഹൈക്കോടതിയെ സമീപിച്ച് സതീഷ് സെയിൽ
Friday, November 8, 2024 10:19 AM IST
ബംഗളൂരു: ഇരുമ്പയിര് കടത്തുകേസിൽ ശിക്ഷിക്കപ്പെട്ട കാർവാർ എംഎൽഎ സതീഷ് സെയിൽ കർണാടക ഹൈക്കോടതിയിൽ. കേസിൽ കുറ്റക്കാരനെന്ന വിധി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകി.
ഉത്തരവിനെതിരെ ഇടക്കാല സ്റ്റേ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. 14 വർഷം മുമ്പ് നടന്ന ബെലക്കേരി ഇരുമ്പയിര് കടത്തുകേസിലാണ് സതീഷ് കൃഷ്ണ സെയിലിന് ഏഴു വർഷം തടവും 46 കോടിയിലേറെ രൂപ പിഴയും ചുമത്തിയത്.
ബംഗളൂരു പ്രത്യേക സിബിഐ കോടതിയുടേതായിരുന്നു വിധി. തുറമുഖ വകുപ്പ് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയ, ആശാപുര മൈനിംഗ് കമ്പനി ഉടമ ചേതൻ ഷാ എന്നിവരുൾപ്പെടെ മറ്റ് ആറു പ്രതികൾക്കും ശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സതീഷ് സെയിൽ കർണാകട ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എല്ലാവരെയും ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റിയിരുന്നു. സ്വസ്തിക് സ്റ്റീൽ കമ്പനി ഡയറക്ടർമാരായ കെ.വി. നാഗരാജ്, കെ.വി.എൻ. ഗോവിന്ദരാജ്, ശ്രീലക്ഷ്മി വെങ്കിടേശ്വര മിനറൽസ് പാർട്ണർ കെ. മഹേഷ് കുമാർ, ലാൽമഹൽ ലിമിറ്റഡ് എംഡി പ്രേംചന്ദ് ഗാർഗ് എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ.
ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ സെയിലിന് നിയമസഭാംഗത്വം നഷ്ടമാകും. കർണാടകയിലെ വനമേഖലയിൽനിന്ന് അനധികൃതമായി ഇരുമ്പയിര് ഖനനം നടത്തി ബെലക്കേരി തുറമുഖം വഴി കപ്പലിൽ വിദേശത്തേക്ക് കടത്തിയെന്നാണു കേസ്. 3100 മെട്രിക് ടണ്ണോളം ഇരുമ്പയിരാണ് അനധികൃതമായി കടത്തിയത്.
സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിംഗ് കമ്പനിയുടെ കപ്പലിലാണ് ഇരുമ്പയിര് കടത്തിയത്. സംഭവം നടന്ന കാലത്ത് സെയിൽ ജനപ്രതിനിധിയായിരുന്നില്ല. സംഭവം പുറത്തുവന്നതിനെത്തുടർന്ന് സെയിൽ ഉൾപ്പെടെയുള്ള പ്രതികൾ ഒരു വർഷത്തോളം ജയിലിലായിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തുവന്നശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്.
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തെരച്ചിലിനു നേതൃത്വം നൽകിയതിലൂടെയാണ് സതീഷ് സെയിൽ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.